പാലക്കാട്: യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടിയിലാണ് സംഭവം. അഗളി പഞ്ചായത്തിലെ കാവുണ്ടിക്കല്‍ പ്ലാമരം സ്വദേശി മല്ലികയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബാത്റൂമില്‍ പോവാന്‍ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മല്ലികയെ കാട്ടാന എടുത്തെറിയുകയും പിന്നീട് ചവിട്ടി കൊല്ലുകയാണുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കാട്ടാനയെ പുലര്‍ച്ച തന്നെ കാട് കയറ്റിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
also read: വറുത്തരച്ച പട്ടിക്കറി, അനാക്കോണ്ട ഗ്രില്ലിന് ശേഷം പുത്തന്‍ വീഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ
ഇവിടെ മുന്‍പ് കാട്ടാനയിറങ്ങിയിരുന്ന സ്ഥലമാണെങ്കിലും അടുത്തിടെയൊന്നും കാട്ടാനയെ കണ്ടിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടാണ് രാത്രി പുറത്തിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
ഈ പ്രദേശത്തെ കൃഷിയും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. വന്യജീവി ശല്യം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
കാട്ടാന ശല്യം തടയാന്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികല്‍ കാവുണ്ടിക്കല്ലില്‍ റോഡ് ഉപരോധിക്കുകയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.