തൊടുപുഴ: ജോലിത്തിരക്കിനിടെയായിരുന്നു നഴ്സ് സന്ധ്യമോള്‍ക്ക് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന് തോമസിന്റെ ഫോണ്‍കോള്‍ വന്നത്. ‘പെങ്ങളേ… ഒരു സെറ്റ് ലോട്ടറി ടിക്കറ്റ് മാറ്റി വയ്ക്കട്ടേ… പടം വാട്ട്സ്ആപ്പില്‍ അയച്ചേക്കാമേ..’ എന്നായിരുന്നു സാജന് വിളിച്ചപ്പോള്‍ പറഞ്ഞത്.
ശരിയെന്ന് പറഞ്ഞ് സന്ധ്യ കോള്‍ കട്ട് ചെയ്തു. പിന്നീട് ഉച്ചയ്ക്ക് സാജന്റെ കോള്‍ വീണ്ടും വന്നു, പെങ്ങളെടുത്തുവെച്ച ടിക്കറ്റിന് ഒന്നാംസമ്മാനമടിച്ച സന്തോഷം അറിയിക്കാനായിരുന്നു ആ ഫോണ്‍കോള്‍. കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഹെല്‍ത്ത് നഴ്സായ സന്ധ്യമോള്‍ക്ക് സ്ത്രീ ശക്തി ലോട്ടറിയുടെ എസ്.ഡി 211059 എന്ന നമ്പരിനായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം.
സാജന് സന്ധ്യയ്ക്കായി മാറ്റിവെച്ച 12 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനമടിച്ചത്. മറ്റ് 11 ടിക്കറ്റുകള്‍ക്ക് എണ്ണായിരം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. മാസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത കടയില്‍ വന്നപ്പോഴാണ് സാജനെ പരിചയപ്പെടുന്നത്. ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും ഇടയ്ക്ക് ഒരു സെറ്റ് ടിക്കറ്റ് എടുക്കട്ടെയെന്ന് ഫോണിലൂടെയുള്ള സാജന്റെ വിളി സന്ധ്യമോള്‍ അവഗണിച്ചിരുന്നില്ല.
ഇതുവരെ ഒരെണ്ണം പോലും അടിച്ചിട്ടില്ല. എങ്കിലും പണം കൃത്യമായി ഗൂഗിള്‍ പേ ചെയ്ത് നല്‍കുമായിരുന്നു. ഒന്നാം സമ്മാനം തന്റെ കടയിലാണെന്ന് തൊടുപുഴ മഞ്ജു ലക്കി സെന്ററില്‍ നിന്ന് വിളിച്ചറിയിച്ചപ്പോഴാണ് സാജന് അറിയുന്നത്. അപ്പോള്‍ തന്നെ സന്ധ്യയെ സന്തോഷവാര്‍ത്തയറിയിച്ചു.
നഗരസഭ കൗണ്‍സിലര്‍ ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിദ്ധ്യത്തില്‍ ടിക്കറ്റ് അവര്‍ക്ക് നല്കി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാലാ റോഡിലുള്ള ശാഖയിലെത്തി സന്ധ്യമോള്‍ ടിക്കറ്റ് കൈമാറി. കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥിന്റെ ഭാര്യയായ സന്ധ്യ കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിനടുത്ത ഹോസ്റ്റലിലാണ് താമസം. ഭര്‍ത്താവ് ശിവന്നാഥ് വിദേശത്താണ്. പ്ലസ്വണ് വിദ്യാര്‍ത്ഥിയായ അവന്തിക, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അരിഹന്ത് എന്നിവര്‍ മക്കളാണ്.