കൊച്ചി: അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഫ്ലെക്സ് അടിച്ച് റോഡില്‍ വെച്ച് സിനിമാമോഹിയായ യുവാവ്. പുതിയകാവ് തൃപ്പൂണിത്തുറ റോഡിലൂടെ പോകുമ്പോഴാണ് പനച്ചിക്കാട് സ്വദേശിയായ ശരത്തിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഫ്ലക്സ് കാണാന്‍ കഴിയുക.
ഹോഡിങ്ങില്‍ ചിത്രവും ഫോണ്‍നമ്പറുമുണ്ട്. ഏതെങ്കിലും സിനിമാക്കാരന് ഇത് കണ്ട് വിളിക്കട്ടേയെന്ന പ്രത്യാശയോടെയാണ് ശരത്ത് ഇത്തരമൊരു ഫ്ലെക്സ് അടിച്ചുവെച്ചത്. 10 വര്‍ഷമായി സിനിമാമോഹവുമായി പലരേയും സമീപിച്ചു. അവസാനവഴിയെന്നോണമാണ് ഇങ്ങനെയൊരു ഹോഡിങ് വെച്ചതെന്ന് ശരത്ത് പറയുന്നു.
also read: അമിത ലഹരിയില്‍ കാറോട്ടം, ഇടിച്ച് തെറിപ്പിച്ചത് നിരവധി വാഹനങ്ങളെ, നടിയും സുഹൃത്തും കസ്റ്റഡിയില്‍
പത്തില്‍ പഠിക്കുന്ന കാലം മുതല്‍ സിനിമയില്‍ ചെറിയ വേഷങ്ങളില്‍ തലകാണിച്ചിട്ടുണ്ട്. പലരോടും അവസരം ചോദിച്ചിട്ടുണ്ട്. നല്ലൊരു വേഷം ഇതുവരെയും കിട്ടിയില്ല. ഒട്ടേറെ ഓഡിഷനുകളില്‍ പങ്കെടുത്തു. സിനിമയോട് അത്രയേറെ താല്പര്യമുള്ളത് കൊണ്ടാണ് സിനിമാ പ്രവര്‍ത്തകര്‍ ഏറെയുള്ള എറണാകുളം ജില്ലയില്‍ ഹോഡിങ് സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് ശരത്ത് കൂട്ടിച്ചേര്‍ത്തു.
ആരെങ്കിലും കണ്ടിട്ട് വിളിച്ചാലോ? ഞാന്‍ ഇത്തരമൊരു ഹോഡിങ്ങ് വെച്ചത് നാട്ടില്‍ അറിഞ്ഞാല്‍ ട്രോളുകളും കളിയാക്കലുകളും ഒരുപാടുണ്ടാകും. പക്ഷെ അതൊന്നും കാര്യമാക്കുന്നില്ല. 10 വര്‍ഷം ചെറിയൊരു കാലയളവ് അല്ലല്ലോ. ഇത്രയും കാലവും സിനിമയോടുള്ള മോഹം മനസിലുണ്ടെങ്കില്‍ മനസിലാക്കാമല്ലോ ഞാന്‍ എത്രമാത്രം ഗൗരവത്തോടെയാണ് സിനിമയെ കാണുന്നതെന്നും ശരത്ത് പറയുന്നു.
പിന്നെ 40 വര്‍ഷം മുന്‍പ് മമ്മൂക്ക പോലും പത്രത്തില്‍ പരസ്യം കൊടുത്തിട്ടില്ലേ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച്? ഞാന്‍ പരസ്യത്തിന് പകരം ഫ്ലെക്സ് വെച്ചു അത്രയേ വ്യത്യാസമുള്ളൂവെന്നും ശരത്ത് കൂട്ടിച്ചേര്‍ത്തു.3 മാസം കൊണ്ടു കൂട്ടിവച്ച 25,000 രൂപയാണു ഈ പരസ്യം സ്ഥാപിക്കാന്‍ ചെലവാക്കിയത്.