കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സുഹൃത്തുക്കളും ബന്ധുക്കളും രംഗത്ത്. സജീവനെ പൊലീസ് മര്‍ദ്ദിച്ചുവെന്നും, കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറായില്ലെന്നും സജീവന്റെ സുഹൃത്ത് ജുബൈര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകവുമായി ബന്ധപ്പെട്ടാണ് തന്നെയും സുഹൃത്തുക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ജുബൈര്‍ പറയുന്നു. സ്റ്റേഷനില്‍ എസ്ഐയും മറ്റു രണ്ടു പോലീസുകാരുമുണ്ടായിരുന്നു. ദേഷ്യപ്പെട്ടാണ് എസ്ഐ അപകടത്തെ കുറിച്ച് ചോദിച്ചത്. വണ്ടി ചെറുതായി തട്ടുകമാത്രമാണ് ചെയ്തതെന്ന് സജീവന് പറഞ്ഞു. തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു, തന്നെയും പൊലീസ് മര്‍ദ്ദിച്ചെന്നും ജുബൈര്‍ പറയുന്നു.
also read: ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങി വഞ്ചിച്ചു, നടന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി
45 മിനിറ്റോളം സ്റ്റേഷനില്‍ ഇരുത്തി. ദേഹാസ്വാസ്ഥ്യമുണ്ടെന്ന് സജീവന് പൊലീസിനോട് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. തുടര്‍ന്ന് പുറത്തിറങ്ങിയ ഉടനെ സജീവന് കുഴഞ്ഞു വീഴുകയായിരുന്നു. എന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ല. താനും സുഹൃത്തും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും ജുബൈര്‍ പറഞ്ഞു.
വടകര കല്ലേരി സ്വദേശി സജീവന്റെ മരണത്തിലാണ് പൊലീസിനെതിരെ ആരോപണം ഉയരുന്നത്. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.