കാഞ്ഞങ്ങാട്: കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോടാണ് സംഭവം. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശുചിത്വ ബോധവല്‍ക്കരണത്തിനായാണ് വിദ്യാര്‍ത്ഥികളെ കടല്‍ത്തീരത്ത് എത്തിച്ചത്. ഇതില്‍ ചില കുട്ടികളില്‍ ഛര്‍ദിയുടെ ലക്ഷണവും കണ്ടെത്തി. ഇന്നലെ രാവിലെ 11നാണ് വിദ്യാര്‍ഥികളെ തീരത്തേക്ക് കൊണ്ടു പോയത്. പഠനത്തിനും കളികള്‍ക്കുമായി വിദ്യാര്‍ഥികളെ തീരത്തേക്ക് കൊണ്ടു പോകുക ഇവിടെ പതിവാണ്.
also read: ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
ആദ്യം ഒരു കുട്ടിക്ക് തലകറക്കം അനുഭവപ്പെടുകയായിരുന്നു. തൊട്ടു പിന്നാലെ മറ്റു നാലു കുട്ടികള്‍ക്ക് കൂടി തലകറക്കം അനുഭവപ്പെട്ടു. ഇതോടെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിവരമറിയിച്ചു. ആദ്യ ലക്ഷണം കണ്ട കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിടുകയും ചെയ്തു.
പിന്നാലെയാണ് കൂടുതല്‍ കുട്ടികള്‍ സമാന ലക്ഷണം കാട്ടി തുടങ്ങിയത്. ഇതോടെ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടലില്‍ നിന്നുള്ള ദുര്‍ഗന്ധമാകാം ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ കാരണം വ്യക്തമാക്കാന്‍ കഴിയൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി.രാംദാസ് പറഞ്ഞു.