തൃശൂര്‍: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. തൃശ്ശൂരിലാണ് സംഭവം. തരൂര്‍ സ്വദേശി പ്രകാശനെ ഗുരുതരപരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം വാമനപുരം സ്വദേശി റെജികുമാര്‍ പിടിയിലായിട്ടുണ്ട്.
പണം പങ്കിട്ട് മദ്യം വാങ്ങി കഴിക്കുന്നതിനിടെയായിരുന്നു തര്‍ക്കം. കയ്യില്‍ കരുതിയ ബ്ലേഡുകൊണ്ടായിരുന്നു ആക്രമണം. പ്രകാശനും സുഹൃത്ത് ഷിനുവുമൊത്ത് ശക്തന് നഗറിലെ ഔട്ട് ലെറ്റില്‍ നിന്ന് മദ്യംവാങ്ങി. ഇതില്‍ പങ്കുകാരനായാണ് റെജി കുമാര്‍ എത്തിയത്.
ഒഴിഞ്ഞ ഷോപ്പിംഗ് മാളിന് പിറകില്‍ വച്ച് മൂന്ന് പേരും ചേര്‍ന്ന് മദ്യപിച്ചു. ഇതിന് ശേഷമാണ് ഷിനുവും റെജി കുമാറും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായത്. പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് റെജി കുമാര്‍ ബ്ലേഡ് ഉപയോഗിച്ച് പ്രകാശന്റെ കഴുത്ത് മുറിച്ചത്. റെജി കുമാറിനെതിരെ പൊലീസ് കേസെടുത്തു.