തിരുവനന്തപുരം; കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും സംഘം നല്‍കും.
വിദേശത്തുനിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് അദ്ദേഹം യുഎഇയില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.
നാട്ടിലെത്തിയതിനു പിന്നാലെ പനിയും ശരീരത്തില്‍ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് കേന്ദ്ര സംഘം കേരളത്തിലെത്തുന്നത്.
also read: നടന് പ്രതാപ് പോത്തന് അന്തരിച്ചു, മൃതദേഹം കണ്ടെത്തിയത് ഫ്ലാറ്റില്‍
ഡല്‍ഹിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ (എന്‍സിഡിസി) ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡല്‍ഹിയിലെ ഡോ. ആര്‍എംഎല്‍ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖലാ അഡ്വസര്‍ ഡോ. പി രവീന്ദ്രന് എന്നിവര്‍ക്ക് പുറമേ ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം. സംഘം സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുമായി സംമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ മാതാപിതാക്കള്‍, കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന 11 പേര് എന്നിവരാണ് ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍. ഇവരെല്ലാം നിരീക്ഷണത്തിലാണ്.