പത്തനംതിട്ട: പത്തനംതിട്ടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജശേഖരന് ഭട്ടതിരി (65), ഭാര്യ ശോഭ (63), മകന് നിഖില്‍ (32) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഗുരുതരമായി പരിക്കേറ്റ നിഖില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രാജശേഖരഭട്ടതിരിയും ശോഭയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന രാജശേഖരഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ചടയമംഗലം അനസ് മന്‍സില്‍, അനസ്സ് (26) മേലേതില്‍ വീട്ടില്‍ ജിതിന് (26), അജാസ് മന്‍സില്‍ അജാസ് (25) , പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.