പത്തനംതിട്ട: പത്താംക്ലാസ്സുകാരിയെയും കൊണ്ട് ഒളിച്ചോടിയ ബസ് ഡ്രൈവറും പെണ്‍കുട്ടിയും പിടിയില്‍. പത്തനംതിട്ട ജില്ലയിലെ ആങ്ങാമൂഴിയില്‍നിന്നുള്ള സ്വകാര്യ ബസ് ഡ്രൈവറായ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിന്‍(33) എന്നയാള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി പോയത്.
ഇരുവരെയും കോട്ടയത്തുനിന്നാണ് പൊലീസ് കണ്ടെത്തിയത്. കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും മൂഴിയാര്‍ സ്റ്റേഷനിലെത്തിച്ചു. കൊച്ചുകോയിക്കലില് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ഷിബിന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണ്. ഇക്കാര്യം മറച്ചുവെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ഈ വര്‍ഷം സ്കൂള്‍ തുറന്നതു മുതലാണ് പത്താം ക്ളാസുകാരിയും ബസ് ഡ്രൈവറും തമ്മില്‍ പരിചയമായതെന്നാണ് ബന്ധുക്കളുടെ നിഗമനം. വെറും ഒരു മാസം മാത്രം പരിചയമുള്ള യുവാവുമൊത്താണ് പെണ്‍കുട്ടി നാടുവിട്ടത്.
also read: ജാതകം ചേരില്ല, കാമുകനുമായുള്ള വിവാഹം മുടങ്ങി, വിഷം കഴിച്ച് ജീവനൊടുക്കി യുവതി
തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി നാടുവിട്ടത്. ഓണ്‍ലൈന്‍ ക്ലാസിനെന്ന പേരില്‍ അമ്മയുടെ ഫോണ്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മ ഫോണില്‍ റെക്കോഡിങ് ഓപ്ഷന് ഇട്ടിരുന്നു.
പെണ്‍കുട്ടി തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്ക് അമ്മ അറിയാതെ വീട്ടില്‍നിന്ന് പുറത്തുകടക്കുകയും കാത്തുനിന്ന ഷിബിനൊപ്പം നാടുവിടുകയുമാണ് ചെയ്തത്. പത്തനംതിട്ടയില്‍ എത്തിയശേഷം മകള്‍ വിളിച്ചപ്പോള്‍ മാത്രമാണ് ‘അമ്മ വിവരം അറിഞ്ഞത്. ബസ് ഡ്രൈവറോടൊപ്പമാണ് പോയതെന്ന് മകള്‍ പറഞ്ഞു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. ലൈംഗിക പീഡനം നടന്നിട്ടുണ്ടെങ്കില്‍ ഷിബിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് ഷിബിന്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.