കാസര്‍കോട്: കാമുകനുമായുള്ള വിവാഹം മുടങ്ങിയതിനു പിന്നാലെ യുവതി ജീവനൊടുക്കി. കാസര്‍കോട് ജില്ലയിലാണ് സംഭവം. തമിഴ്നാട് സ്വദേശിയും വര്‍ഷങ്ങളായി ചെമ്മനാട് കൊമ്പനടുക്കത്തെ താമസക്കാരനുമായ ശിവയുടെ മകള്‍ മല്ലിക (പ്രിയ -23) ആണ് മരിച്ചത്. ജാതകം ചേരാത്തതിന്റെ പേരിലായിരുന്നു വിവാഹം മുടങ്ങിയത്.
വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ ജൂലൈ ഒന്നിനായിരുന്നു യുവതി എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയില്‍ ഇരിക്കവെയായിരുന്നു മരണം. യുവതിയുടെ മരണ മൊഴി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
യുവതി കുമ്പളയിലെ ബന്ധുവായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്നു ഇവര്‍ തമ്മിലുള്ള വിവാഹം നടത്താന്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ജ്യോത്സരുടെ അടുത്തു പോയി ജാതകം നോക്കിയപ്പോഴാണ് പൊരുത്തമില്ലെന്ന് പറഞ്ഞത്.
ഇതേ തുടര്‍ന്നു യുവതി വിഷമത്തിലായിരുന്നു. ജാതക പൊരുത്തമില്ലാത്തിനാല്‍ വിവാഹം നടത്താനാകില്ലെന്നു യുവതിയെ ബന്ധുക്കള്‍ അറിയിക്കുകയും മറ്റൊരു വിവാഹ ആലോചനയുമായി മുന്നോട്ടു പോകുകയുമായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണു യുവതി വിഷം കഴിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വീട്ടുകാര്‍ പൊലീസിനു നല്കിയ മൊഴി.