തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച ഒന്‍പത് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ചയോടെ മഴ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതിനാലും കേരളത്തില്‍ അടുത്ത അഞ്ചുദിവസം പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെയാണ് ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, വയനാട് ജില്ലകളില്‍ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് അങ്കണവാടികള്‍ക്കും എല്ലാ സ്ക്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്ക് അവധി ബാധകമല്ല.
വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.