അഞ്ചല്‍: സ്വകാര്യ ബസ് യാത്രയ്ക്കിടെ യുവതിയുടെ മൂന്നര പവന് തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു പൊലീസില്‍ ഏല്പിച്ചു. കൊല്ലത്താണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി മൈനയാണു (50) പിടിയിലായത്.
അഞ്ചല്‍ – കടയ്ക്കല്‍ റോഡിലെ ആനപ്പുഴയ്ക്കലില് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചലില്‍നിന്നു ബസില്‍ കയറിയ ആനപ്പുഴയ്ക്കല്‍ സ്വദേശിയായ വനിതയോടു മൈന സ്നേഹപൂര്‍വം ഇടപെട്ടു സൗഹൃദത്തിലായി. പിന്നീട് ആനപ്പുഴയ്ക്കല്‍ സ്റ്റോപ്പില്‍ ബസ് ഇറങ്ങാന്‍ തുടങ്ങിയ വനിതയുടെ മാല മൈന തന്ത്രപൂര്‍വം പൊട്ടിച്ചെടുക്കുകയായിരുന്നു.
also read: നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡിലെ വെള്ളക്കെട്ടില്‍ വീണ് മറിഞ്ഞു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
യുവതി ഇക്കാര്യം അറിഞ്ഞിരുന്നില്ല. എന്നാല്‍ മാല വഴുതി താഴെ വീഴുന്നത് സഹയാത്രികര്‍ കണ്ടു. ഇവര്‍ ബഹളം വച്ചതോടെ മൈന ബസില്‍നിന്ന് ഇറങ്ങി ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരെ ഇവര്‍ ശരിക്കും വട്ടം ചുറ്റിച്ചു. ഇടവഴികളിലൂടെ 2 കിലോമീറ്റര്‍ ഓടിയ മൈന ഒരു വീട്ടിലെ ശുചിമുറിയില്‍ കയറി ഒളിച്ചു.
എന്നാല്‍ പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ ഇവരെ പിടികൂടി. അഞ്ചല്‍ പരിസരത്തു സമീപ കാലത്ത് ഒട്ടേറെ വനിതകളുടെ സ്വര്‍ണാഭരണങ്ങള്‍ ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടിട്ടുണ്ട്. നന്നായി വസ്ത്രധാരണം ചെയ്തു ബസുകളില്‍ കയറി മാന്യമായി പെരുമാറുന്ന മോഷ്ടാക്കളെ തിരിച്ചറിയുക പ്രയാസമാണെന്ന് നാട്ടുകാര്‍ പറയുന്നു.