ആലപ്പുഴ: നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡിലെ വെള്ളക്കെട്ടില്‍ കയറി മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തൃക്കുന്നപ്പുഴ കോട്ടേമുറി കൊച്ചിലേടപറമ്പില് അബ്ദുള്‍ ഹക്കീമിന്റെ മകള്‍ എ.ഫൗസിയ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഫൗസിയയുടെ ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂട്ടര്‍ ഓടിച്ച തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി ഫായിസ് നിവാസില്‍ ബഷീറിന്റെ മകന് ബി.ഫായിസ് അഹമ്മദാ(21)ണ് പരുക്കുകളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ പുലര്‍ച്ചെ 4.45ന് ആയിരുന്നു സംഭവം. മംഗലാപുരത്ത് നിന്ന് ട്രെയിനില്‍ ആലുവയിലെത്തിയ ഫൗസിയ, ഫായിസിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു.
ബൈപാസില്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടര്‍ വെള്ളക്കെട്ടില്‍ കയറി നിയന്ത്രണം വിടുകയായിരുന്നെന്ന് ഫായിസ് പൊലീസിനു മൊഴി നല്കി. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ബൈപാസിന്റെ കൈവരിയില്‍ ഇടിച്ചതിനു ശേഷമാണ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബൈപാസ് ബീക്കണ്‍ സംഘം സ്ഥലത്തെത്തി ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചു. എന്നാല്‍ ഫൗസിയ ആശുപത്രിയിലെത്തുന്നതിനു മുന്‍പ് മരിച്ചു. ഫൗസിയയുടെ പിതാവ് ബഷീര്‍ വിദേശത്താണ്. മാതാവ് നസിയത്ത്. സഹോദരി നൗഫിയ. മംഗലാപുരം യെനപോയ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ഫൗസിയ.