വടകര: കെട്ടിട നിര്‍മാണ തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റില്‍ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് കോഴിക്കോട് ജില്ലയിലെ വെള്ളികുളങ്ങര കിഴക്കെ കുനിയില്‍ ദിവാകരന് (58) ലഭിച്ചത്. സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ അന്‍പത് രൂപ കൊണ്ട് എടുത്ത ടിക്കറ്റിനാണ് സമ്മാനം.
ഞായറാഴ്ച രാവിലെ സിഎം ഹോസ്പിറ്റലിന് മുന്നിലെ രാഗേഷ് ഹോട്ടലില്‍ നിന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് തോട്ടക്കണ്ടി താഴക്കുനി ചന്ദ്രന്റെ കൈയില്‍ നിന്നാണ് ദിവാകരന് 50 രൂപ കടം വാങ്ങിയത്.
also read; കോളേജില്‍ നിന്ന് നേരത്തെയെത്തി, വീടിനുള്ളില്‍ ജീവനൊടുക്കി വിദ്യാര്‍ത്ഥിനി
രണ്ടാഴ്ച മുന്‍പ് വടകരയില്‍ നിന്ന് എടുത്ത രണ്ട് ടിക്കറ്റിന് ദിവാകരന് അയ്യായിരം രൂപ വീതം സമ്മാനം ലഭിച്ചിരുന്നു. അതില്‍ 1000 രൂപയ്ക്ക് ടിക്കറ്റ് എടുത്തു. അതില്‍ ആയിരം രൂപ സമ്മാനം വീണ്ടും ലഭിച്ചു. അതോടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മറ്റും ഉപദേശം സ്വീകരിച്ചാണ് ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും ടിക്കറ്റെടുത്തത്.
ഒന്നാംസമ്മാനം ലഭിച്ചത് ആദ്യം ദിവാകരനും കുടുംബത്തിനും വിശ്വസിക്കാനായില്ല. സമ്മാനത്തുക കൊണ്ട് കടം വീട്ടണം എന്നാണ് ആഗ്രഹം. ഗിരിജയാണ് ഭാര്യ. ബെംഗളൂരുവില്‍ ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന സുകൃത് സൂര്യ, എന്‍ജിനീയറായ ഹൃത് സൂര്യ എന്നിവരാണ് മക്കള്‍.