റാന്നി: മരണത്തിലും പിരിയാതെ ഉറ്റസുഹൃത്തുക്കള്‍. പത്തനംതിട്ട ഉതിമൂട് ജംക്ഷനു സമീപം കാര്‍ ഇടിച്ചുകയറി മരിച്ച സുഹൃത്തുക്കളായ യദുകൃഷ്ണന്റെയും സിജോ വര്‍ഗീസിന്റെയും വിയോഗം നാടിന് തീരാനൊമ്പരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഇരുവരും ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാനെത്തിയപ്പോഴാണ് അപകടം. ഇട്ടിയപ്പാറ ഡ്രീംസ് ഇന്റര്‍നെറ്റ് കഫേയിലാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനായി സുഹൃത്തുക്കളും അയല്‍വാസികളുമായ മണ്ണാരത്തറ മരോട്ടിപ്പതാലില്‍ യദുകൃഷ്ണയും മണ്ണാരത്തറ മാലിപ്പുറത്ത് സിജോയും ശനിയാഴ്ച എത്തിയത്.
also read: സ്വര്‍ണ്ണവില കുത്തനെ മുകളിലേക്ക്, വില വര്‍ധനവ് തുടര്‍ച്ചയായ രണ്ടാം ദിനം, ഇന്നത്തെ വില ഇങ്ങനെ
ഫോട്ടോകള്‍ പതിച്ച പൂരിപ്പിച്ച അപേക്ഷകള്‍ അവര്‍ കൊണ്ടുവന്നിരുന്നു. കണ്ണ് ഡോക്ടര്‍ പരിശോധിച്ചു നല്കിയ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പമുണ്ട്. ഇരുവരും തമ്മില്‍ പ്രായത്തിന് ഒരു മാസത്തോളം വ്യത്യാസമേയുള്ളൂ. യദു 2004 ഏപ്രില്‍ 19നും സിജോ 2004 മേയ് 15നും ആണ് ജനിച്ചത്.
ഇരുവര്‍ക്കും കൂടി ഓണ്‍ലൈന്‍ ഫീസായി 3,000 രൂപ നല്കേണ്ടിയിരുന്നു. 2,000 രൂപ നല്കിയ ശേഷം ബാക്കി ഇന്നലെ എത്തിക്കാമെന്നാണ് ഡ്രീംസ് ഉടമ തോമസുകുട്ടിയോടു പറഞ്ഞിരുന്നത്. എന്നാല്‍ അപേക്ഷകള്‍ റജിസ്റ്റര്‍ ചെയ്യും മുന്‍പുതന്നെ അവര്‍ ഒന്നിച്ചു യാത്രയായിരുന്നു. ഇരുവരുടെയും വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാടിനെയും തളര്‍ത്തി.