പാലക്കാട്: പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പാലക്കാടാണ് സംഭവം. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് കുഞ്ഞ് മരിച്ചത്.
തങ്കം എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജൂണ്‍ 29നായിരുന്നു ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഐശ്വര്യ തിങ്കളാഴ്ച മരിക്കുകയായിരുന്നു.
also read: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ചികിത്സയിലായിരുന്ന 21കാരി മരിച്ചു
ഐശ്വര്യയെ ഒമ്പതുമാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നതെന്നും, യുവതിയുടെ ആരോഗ്യ നില പരിഗണിച്ച് സിസേറിയന് നടത്താന്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും, സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടി. സംഭവത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും, പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്തതായി പാലക്കാട് സൗത്ത് പൊലീസ് അറിയിച്ചു. അതേസമയം തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. സാധ്യമായ ചികിത്സകള്‍ എല്ലാം നല്‍കിയെന്നും അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്നുമാണ് അധികൃതരുടെ പ്രതികരണം.