തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരുവീട്ടിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കല്ലമ്പലത്താണ് സംഭവം. ചാത്തമ്പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. ഒട്ടേറെ സാമ്പത്തിക ബാധ്യതകളാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
ചാത്തമ്പറ കടയില്‍ വീട്ടില്‍ മണിക്കുട്ടന് (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (19) അമേയ(13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയില്‍ വലയുന്നതിനിടെ മണിക്കുട്ടന്റെ തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
also read: ഒരുവീട്ടിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍, നടുക്കുന്ന സംഭവം
ഇതിന് പിന്നാലെയാണ് മണിക്കുട്ടനെയും കുടുംബത്തെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. നാലു പേരെ വീട്ടിനുള്ളില്‍ തറയില്‍ മരിച്ചനിലയിലും മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലമാണ് കണ്ടെത്തിയത്. മണിക്കുട്ടന് ഒഴികെയുള്ളവര്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത്.
തട്ടുകട നടത്തിയാണ് മണിക്കുട്ടന് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നത്. കടയിലെ ജീവനക്കാരന് ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.