കൊല്ലം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുത വരന് അറസ്റ്റില്‍. പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതിയാണ് ജീവനൊടുക്കിയത്.
ഏപ്രില്‍ 27 നായിരുന്നു സംഭവം. വീട്ടിലെ കിടപ്പു മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷ് ഏറെ നാളായി യുവതിയുമായി പ്രണയത്തിലായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് അനീഷ് വിവാഹാലോചന നടത്തിയത്.
എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഉടന്‍ വിവാഹം നടത്താന്‍ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചപ്പോള്‍ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു ലളിതമായി വിവാഹം നടത്തിയാല്‍ മതിയെന്നായി അനീഷിന്റെ ബന്ധുക്കള്‍. അങ്ങനെ ആറു മാസം കഴിഞ്ഞ് വിവാഹം നടത്താന്‍ നിശ്ചയിച്ചു.
എന്നാല്‍ പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ സ്ത്രീധനവും പുത്തന്‍ ബൈക്കും വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വഴക്കുണ്ടായെന്നും പൊലീസ് പറഞ്ഞു.
യുവതി മരിച്ച ദിവസവും ഇയാള്‍ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടതായി കണ്ടെത്തി. പെണ്‍കുട്ടിയുടെ പിതാവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.