ചേര്‍പ്പ് : സുഹൃത്തിനൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടാംക്ലാസ്സുകാരന് മുങ്ങിമരിച്ചു. തൊട്ടിപ്പാള്‍ വിളക്കത്തല സുരേഷിന്റെ മകന് ഗൗതം കൃഷ്ണയാണ് മരിച്ചത്. സുഹൃത്ത് അഭിഷേകുമൊത്ത് പുഴയിലെത്തിയ ഗൗതം ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഗൗതമിന് നീന്തല്‍ വശമില്ലായിരുന്നു. ആറാട്ടുപുഴ പാലത്തിനു സമീപം കരുവന്നൂര്‍ പുഴയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 4.15 നാണ് സംഭവം. അഭിഷേകിന്റെ കരച്ചില്‍കേട്ട് സമീപത്ത് ഉണ്ടായിരുന്നവരും വഞ്ചിക്കാരും എത്തിയപ്പോഴേക്കും ഗൗതം താഴ്ന്നുപോയിരുന്നു.
also read: ന്യൂനമര്‍ദ്ദ പാത്തി, കേരളത്തില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത, യെല്ലോ അലേര്‍ട്ട്
അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ സ്കൂബാ ടീം എത്തി രാത്രിയാണ് മൃതദേഹം പുറത്തെടുത്തത്. കടവിന്റെ 10 മീറ്റര്‍ മാറിയായിരുന്നു മൃതദേഹം.
ഗൗതം കൃഷ്ണയും സുഹൃത്തും ഏതാനും ദിവസം മുന്‍പും അപകടം സംഭവിച്ച കടവില്‍ എത്തിയിരുന്നതായി പരിസരവാസികള്‍ പറയുന്നു.
ഇവര്‍ കുളിക്കാന്‍ ഇറങ്ങിയ ഭാഗത്ത് മുട്ടിനൊപ്പമേ വെള്ളം ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒഴുക്ക് ശക്തമാണെന്ന് നാട്ടുകാര്‍ പറയുന്നു. അന്ന് പുഴയില്‍ കുളിക്കാനൊരുങ്ങിയ ഇവരെ കണ്ട സമീപത്തെ വീട്ടമ്മ, പുഴയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിരുന്നു. ഇതുകേള്‍ക്കാതെ കുട്ടികള്‍ പുഴയിലിറങ്ങുകയായിരുന്നു.
അമ്മ: ശ്രീജി. സഹോദരന്: ഗോകുല്‍ കൃഷ്ണ. പറപ്പൂക്കര സെന്റ് ജോണ്‍സ് സെന്‍ട്രല്‍ സ്കൂള്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗൗതം