തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു. തിരുവനന്തപുരത്താണ് സംഭവം. വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവദന്ത ഡോക്ടര്‍ അജയ് വിഘ്നേഷ് ആണ് മരിച്ചത്. 24 വയസായിരുന്നു.
കോയമ്പത്തൂര്‍ പല്ലടം സ്വദേശിയാണ് അജയ്. തിരയില്‍പ്പെട്ട 23കാരനായ സുഹൃത്ത് ബാലശിവരാമന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ചയാണ് അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലിന് ഇടവ ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങി.
കുളി കഴിഞ്ഞു കരയ്ക്കെത്തിയ ശേഷം അജയും ബാലശിവരാമനും വീണ്ടും കുളിക്കാനായി കടലിലേക്ക് ഇറങ്ങി. ഇതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാര്‍ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അജയ് മരിച്ചു.