കൊടുങ്ങല്ലൂര്‍:വസ്ത്രത്തില്‍ ഒട്ടിച്ച് കടത്തിയ സ്വര്‍ണം പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്തിയ ഒന്നരക്കിലോ സ്വര്‍ണമാണ് കൊടുങ്ങല്ലൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം വള്ളുമ്പറം തൊണ്ടിയില്‍ നിഷാജ് (27), ദുബായില്‍ നിന്നു സ്വര്‍ണം കടത്തിക്കൊണ്ടുവന്ന അഴീക്കോട് ചെമ്മാത്തുപറമ്പില് സബീല്‍ (44) എന്നിവരെ അറസ്റ്റ് ചെയ്തു.
ടി ഷര്‍ട്ടിന്റെയും ട്രൗസറിന്റെയും ഉള്‍ഭാഗത്തു പശതേച്ചു സ്വര്‍ണത്തരികള്‍ ഒട്ടിച്ചും ശരീരത്തില്‍ ഒളിപ്പിച്ചുമാണു സബീല്‍ സ്വര്‍ണം കടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ള കടുത്ത രീതി ഇതാദ്യമാണെന്നും പോലീസ് പറയുന്നു.
പിടികൂടിയ സ്വര്‍ണത്തിന് 75 ലക്ഷം രൂപയിലേറെ മൂല്യം വരും.
also read: ജന്മനാ കൈകളില്ല, ജീവിതത്തില്‍ മുന്നേറണമെന്ന് വാശി, കണ്മണിക്ക് ഒന്നാംറാങ്കോടെ മിന്നും വിജയം
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ;
കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സബീലാണു നെടുമ്പാശേരി വരെ സ്വര്‍ണം എത്തിച്ചത്. സ്വര്‍ണം 270 ഗ്രാം വീതമുള്ള ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചിരുന്നു. 324 ഗ്രാം സ്വര്‍ണം തരികളാക്കി പശതേച്ചു ടി ഷര്‍ട്ട്, ട്രൗസര്‍ എന്നിവയുടെ ഉള്ളില്‍ ഒട്ടിച്ചു ചേര്‍ക്കുകയും ചെയ്തു.
സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിനു പുറത്തെത്തിച്ച ശേഷം സബീല്‍ നിഷാജിനു കൈമാറി. കാറിന്റെ ഗീയര്‍ ബോക്സിലടക്കം പല സ്ഥലത്തായി സ്വര്‍ണം ഒളിപ്പിച്ച ശേഷം നിഷാജ് കൊടുങ്ങല്ലൂര്‍ വഴി മലപ്പുറം ഭാഗത്തേക്കു പോകുന്നതിനിടെ പൊലീസിന്റെ വാഹന പരിശോധനയില്‍ കുടുങ്ങി. ഇതിനിടെ പുലര്‍ച്ചെയോടെ വീട്ടിലെത്തിയ സബീല്‍ സ്വര്‍ണം പിടികൂടിയ വിവരമറിഞ്ഞ് സുഹൃത്തിന്റെ കാറില്‍ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചാവക്കാട്ടു നിന്നു പിടിയിലായി.