കോഴിക്കോട്: പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. മോഷ്ടാക്കള്‍ അരലക്ഷം രൂപയോളം കവര്‍ന്നു. കോഴിക്കോട് കോട്ടൂളിയില്‍ അര്‍ധരാത്രിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന് മുഹമ്മദ് റാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അര്‍ദ്ധരാത്രിയില്‍ കറുത്ത മുഖം മൂടിയിട്ട ഒരാളാണ് പമ്പിലെത്തിയത്.
also read: ഏഴ് വര്‍ഷത്തെ പ്രണയം; നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെ വിവാഹം ഇന്ന്, കനത്ത സുരക്ഷയില്‍ വിവാഹവേദി
കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ മര്‍ദ്ദിച്ച് കൈകള്‍ തുണി കൊണ്ട് കെട്ടിയിട്ട ശേഷം പമ്പിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു.
സംഭവം നടന്ന പമ്പില്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തി.