മലപ്പുറം: സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കൈമാറി സഹോദരങ്ങളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍. മലപ്പുറത്താണ് സംഭവം. ചാലിശേരി ഹുസൈന് തങ്ങളും സഹോദരന് അലി അബ്ബാസ് തങ്ങളുമാണ് തട്ടിപ്പിനിരയായത്. രണ്ടു കോടി രൂപ മൂല്യമുളള സ്വര്‍ണ്ണമാണന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുസംഘം പൊന്നാനിയില്‍ വച്ച് പണം കൈക്കലാക്കിയത്.
മണ്ണു മാറ്റുമ്പോള്‍ കിട്ടിയ നിധി നല്കാമെന്നറിയിച്ചാണ് മതപുരോഹിതന്റെ വേഷത്തിലെത്തിയയാള്‍ ഹുസൈന് തങ്ങളെ സമീപിച്ചത്. രണ്ടു കോടി രൂപ മൂല്യമുളള സ്വര്‍ണ്ണക്കട്ടി വിറ്റ് മതപരമായ വിഹിതം അടക്കം നല്‍കണമെന്ന് വിശ്വസിപ്പിച്ചാണ് ഏഴു ലക്ഷം രൂപ ഹുസൈന് തങ്ങളുടെ കയ്യില്‍ നിന്ന് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
അയൂബ് എന്നും കാക്ക എന്നും പരിചയപ്പെടുത്തിയ രണ്ടു പേരാണ് വ്യാജസ്വര്‍ണ്ണക്കട്ടി കൈമാറി പണവുമായി കടന്നത്. വിവരം വീട്ടില്‍ പങ്കു വച്ചപ്പോഴാണ് സഹോദരന് അലി അബ്ബാസ് തങ്ങളില്‍ നിന്നും വ്യാജ സ്വര്‍ണ്ണക്കട്ടി നല്കി ഒരു ലക്ഷം രൂപ തട്ടിയ വിവരം പുറത്തു വരുന്നത്.