ബംഗളൂരു: മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തി മകന്. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. മൈലസാന്ദ്രയിലെ ലൂക്കോസ് ലേഔട്ടില്‍ താമസിക്കുന്ന 26കാരനായ ദീപക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഒന്നിനാണ് സംഭവം.
സഹോദരി ജോയ്സ് മേരി നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. അമ്മ ഫാത്തിമ മേരിയെ കഴുത്ത് ഞെരിച്ചാണ് മകന് കൊന്നത്. വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തിയാണ് അമ്മ കുടുംബത്തെ നോക്കിയിരുന്നത്. പച്ചക്കറി എടുത്ത് തിരിച്ചുവരുന്ന വഴി മകന് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം ചോദിക്കുകയായിരുന്നു.
തന്റെ കയ്യില്‍ ഇല്ലെന്ന് അമ്മ പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഈ സമയം അമ്മയുടെ സാരി കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. പിന്നീട് അമ്മയുടെ കയ്യില്‍ ഉണ്ടായിരുന്ന 700 രൂപയും കൈക്കലാക്കി മകന് പോവുകയായിരുന്നു.
അമ്മ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് മകന് എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.