കോഴിക്കോട്: കോഴിക്കോട് പൊലിസ് ചമഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ കെ.പി. നവാസ്, തിരുവനന്തപുരം സ്വദേശിയായ ലിജോ ലാസര്‍, കണ്ണൂര്‍ സ്വദേശിയായ ഷാജിദ്, ആലപ്പുഴ സ്വദേശിയായ സുഭാഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.
പയ്യോളി സ്വദേശികളുടെ പരാതിയിലാണ് അറസ്റ്റ്. കള്ളക്കടത്തില്‍ പിടികൂടിയ സ്വര്‍ണം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ പണം തട്ടിയെടുത്ത് മുങ്ങിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. നികുതി വെട്ടിച്ച് വിദേശത്ത് നിന്ന് എത്തിച്ച സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
ഇതില്‍ വീണ പരാതിക്കാര്‍ മുന്‍കൂറായി പത്ത് ലക്ഷം രൂപയും നല്കി. ഇതിന് പകരമായി ലഭിച്ചതാകട്ടെ വ്യാജ സ്വര്‍ണകട്ടികള്‍. പിന്നീട് പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. പൊലിസ് അന്വേഷണം തുടങ്ങിയ കാര്യം മനസിലാക്കിയ പ്രതികള്‍ ആദ്യം കോയമ്പത്തൂരിലേയ്ക്ക് കടന്നു.
അവിടെ ആഴ്ച്ചകളോളം ഒളിവില്‍ തങ്ങി. ആഡംഭര ജീവിതമാണ് നയിച്ചിരുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്കിലൂടെ ഒളിവില്‍ കഴിഞ്ഞ സ്ഥലം മനസിലാക്കിയ അന്വേഷണ സംഘം അവിടെയെത്തിയപ്പോഴേയ്ക്കും പ്രതികള്‍ മുങ്ങിയിരുന്നു. കോയമ്പത്തൂരില്‍ നിന്ന് പാലക്കാടെത്തിയ നാലംഗ സംഘത്തെ പൊലിസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.