ഇടുക്കി; അമിതവേഗത്തില്‍ കുതിച്ചെത്തിയ ബൈക്ക് ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിലേക്ക് മറിഞ്ഞു. സംഭവത്തില്‍ വാഹനം ഓടിച്ച ആള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇടുക്കി ആര്‍ടിഒ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കട്ടപ്പന വെള്ളയാംകുടി എസ്എംഎല്‍ പടിയിലാണ് അപകടം നടന്നത്. അപകടം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ആര്‍ടിഒ പറയുന്നത്. ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടിക്ക് സാധ്യതയുള്ള അപകടമാണിതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്കു പതിച്ചത്. റോഡിലേക്ക് വീണ് യുവാവ് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അമിതവേഗത്തില്‍ എത്തിയ ബൈക്ക് കല്ലില്‍ തട്ടി ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോമറിനു ചുറ്റും സ്ഥാപിച്ച ഇരുമ്പ് വേലിക്കെട്ടിനുള്ളിലേക്ക് പതിക്കുകയായിരുന്നു.
ബൈക്ക് വേലിക്കെട്ടിലേക്ക് പതിക്കുന്നതിന് മുമ്പ് യുവാവ് ബൈക്കില്‍ നിന്ന് തെറിച്ചുവീണതുകൊണ്ട് കാര്യമായ പരുക്കേറ്റില്ല. അപകടം കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ ബൈക്ക് ഓടിച്ച യുവാവ് പിന്നാലെ എത്തിയ സുഹൃത്തിന്റെ ബൈക്കില്‍ കയറിപ്പോയി. വിവരമറിഞ്ഞ കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ബൈക്ക് പുറത്തെത്തിച്ചത്.