ആലപ്പുഴ: സ്കൂളില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കായംകുളം ടൗണ്‍ ഗവ യുപി സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സാമ്പാറും ചോറുമായിരുന്നു സ്കൂളിലെ ഭക്ഷണം.
കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനെ ചികിത്സ തേടിയ ശേഷം തിരികെ വീട്ടില്‍ പോയി. പക്ഷെ ഇന്ന് രാവിലെ കുട്ടികള്‍ക്ക് വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഭക്ഷ്യ വിഷബാധ തുടര്‍ കഥയാവുന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളിലും മറ്റും കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു.