മലപ്പുറം: ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. വേങ്ങര സ്വദേശികളായ പുതുപ്പറമ്പില്‍ ഇബ്രാഹിം കുട്ടി, അബ്ദുറഹിമാന്, റമീസ്, മണ്ണില്‍ വീട്ടില്‍ സുധീഷ്, നസീം എന്നിവരാണ് പിടിയിലായത്.
ഭക്ഷ്യവിഷബാധ കേസ് നല്കാതിരിക്കാന് നാല്പതിനായിരം രൂപയാണ് സംഘം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്നാണ് സംഘം ഭക്ഷണം കഴിച്ചത്. ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ചു.
ഉടമയുടെ നമ്പറുമായി ഹോട്ടലില്‍ നിന്ന് മടങ്ങിയ സംഘം ഫോണിലൂടെ പരാതി നല്കാതിരിക്കാന് നാല്പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. വിലപേശലിനൊടുവില്‍ 25,000 രൂപ നല്കിയാല് പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയെ അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി. തുടര്‍ന്ന് ഹോട്ടല്‍ ഉടമ നല്കിയ പാരിതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. ഭക്ഷ്യവിഷബാധയുടെ പേരില്‍ വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ ഇതേ സംഘം പൂട്ടിച്ചിരുന്നു.