തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ തോക്കിന്മുനയില് നിര്‍ത്തി ആഭരണങ്ങള്‍ കവര്‍ന്ന കള്ളന് കൊണ്ടുപോയത് മുക്കുപണ്ടം. കാട്ടാക്കട സ്വദേശി കുമാരിയുടെ കമ്മലുകളാണ് മോഷ്ടാവ് കവര്‍ന്നത്. സംസാരശേഷിയും കേള്വിശക്തിയുമില്ലാത്തയാളാണ് കുമാരി.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വീടിന്റെ മുന്‍വാതിലിലൂടെ കടന്ന മോഷ്ടാവ് കട്ടിലില്‍ കിടക്കുകയായിരുന്ന കുമാരിയുടെ മുന്നിലെത്തി കമ്മലുകള്‍ ഊരി നല്കാന് ആംഗ്യഭാഷയില്‍ ആവശ്യപ്പെട്ടു. ഈ സമയം വീട്ടിലുള്ള മറ്റുള്ളവര്‍ പള്ളിയില്‍ പോയിരിക്കുകയായിരുന്നു.
also read: അറസ്റ്റ് ചെയ്യുമെന്ന പേടി, വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല
കവര്‍ച്ചാശ്രമം എതിര്‍ക്കുന്നതിനിടെ കുമാരിക്ക് നേരെ തോക്ക് ചൂണ്ടി കള്ളന് ഭീഷണിപ്പെടുത്തി. മുടിയില്‍ പിടിച്ച് തല കുനിച്ച് മുതുകില്‍ ഇടിച്ചു. ഇതോടെ കുമാരി കമ്മല്‍ ഊരി നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ അലമാര തുറന്ന് പരിശോധിച്ചു.
എന്നാല്‍ കുമാരിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ മോതിരവും അലമാരയില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും മോഷ്ടാവിന്റെ കണ്ണില്‍പെട്ടില്ല. സംഭവത്തില്‍ പോലീസില്‍ പരാധി നല്‍കിയിട്ടുണ്ട്. കുമാരിയുടെ മൊഴിയെടുക്കാന്‍ പൊലീസ് സ്പെഷല്‍ സ്കൂള്‍ അധ്യാപകരുടെ സഹായം തേടി.