കൊച്ചി; വിദേശത്ത് കഴിയുന്ന നടന് വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല. ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു വിമാനത്താവളത്തില്‍ എത്തിയാല്‍ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം.
നിലവില്‍ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകന് കോടതിയെ അറിയിക്കും. വിജയ് ബാബുവിന്റെ മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് മേയ് 30ന് മടക്കയാത്രയ്ക്കു കൊച്ചിയിലേക്കെടുത്ത വിമാന ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ഈ വിമാന ടിക്കറ്റ് റദ്ദാക്കിയതായി പൊലീസിന് വിവരം ലഭിച്ചു.