കണ്ണൂര്‍: കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണു. തളിപ്പറമ്പ് മുയ്യം പള്ളിവയലിലെ ആമ്പിലാട്ട് എ പി ഷമീര്‍ (35) ആണ് മോഷ്ടിക്കാനെത്തിയ വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ വീണത്. ഇയാളെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്.
തിങ്കളാഴ്ച രാത്രി 9.30 നാണ് സംഭവം. ആള്‍ത്താമസമില്ലാത്ത തുമ്പത്തടത്തെ മുന്‍ പ്രധാനാധ്യാപകന് കെ പവിത്രന്റെയും കണ്ണൂര്‍ ഡിഇഒ എ എം രാജമ്മയുടേയും വീട്ടിലാണ് ഇയാള്‍ മോഷണത്തിനെത്തിയത്. വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാനായി വീട്ടുമസ്ഥരായ പവിത്രനും രാജമ്മയും തിങ്കളാഴ്ച രണ്ടുമണിയോടെ വീട്ടില്‍ നിന്നും പോയിരുന്നു.
രാത്രിയില്‍ കിണറിന്റെ ആള്‍മറയില്‍ കയറി വീടിന്റെ പാരപ്പറ്റിലൂടെ വീടിനകത്ത് കയറാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ അതിനിടെ ഇഷ്ടിക ഇളകി കിണറിലേക്ക് വീഴുകയായിരുന്നു. രാത്രി ഒമ്പതരയോടെ ആരോ കൂവി വിളിക്കുന്ന ശബ്ദം കേട്ട് അയല്‍വാസിയായ പി വി വിനോദും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കിണറ്റില്‍ കണ്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ വിവരം അഗ്നിരക്ഷാസേനയെയും പോലീസിനെയും അറിയിക്കുകയായിരുന്നു. 30 അടിയോളം ആഴമുള്ള കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. കിണറ്റില്‍ വീണ് പരിക്കേറ്റ ഷമീറിനെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പെരിങ്ങോം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.