തിരുവനന്തപുരം: പത്ത് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച് ഓടുന്നതിനിടെ ബൈക്ക് അപകടം, മോഷ്ടാക്കളില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. സജ്ജാദ് ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന അമല്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഒരു സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നതാണ് ഇവര്‍. തമിഴ്നാട് തക്കലയില്‍ നിന്ന് സ്ത്രീയുടെ പത്ത് പവന്റെ മാലയാണ് പൊട്ടിച്ചത്. തിരുവനന്തപുരത്തെ നരുവാമൂട് എത്തിയപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സജാദിന്റെ ജീവന് രക്ഷിക്കാനായില്ല. അമലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സജ്ജാദിന്റെ പേരില്‍ മുമ്പും മാലമോഷണ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.