തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശാവുന്ന അസാനി ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും.
ഇന്ന് രാവിലെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ചുഴലിക്കാറ്റായി മാറും. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ വൈകിട്ടോടെ അസാനി ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുക്കുമെങ്കിലും കരതൊടാതെ കടന്നുപോകും. തിങ്കളാഴ്ച ആഡ്രയുടെ തീരമേഖലയില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്.