കരിവെള്ളൂര്‍: ഷവര്‍മ്മ കഴിച്ച് പതിനാറുവയസ്സുകാരി മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി ദേവനന്ദയാണ് മരിച്ചത്. മൂന്നുമാസം മുന്‍പാണ് ദേവനന്ദയുടെ അച്ഛന് മരിച്ചത്. ഇപ്പോള്‍ ദേവനന്ദയുടെയും വിയോഗം കരിവെള്ളൂര്‍ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്.
അച്ഛന്റെ മരണ ശേഷം ദേവനന്ദ പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് താമസിച്ചിരുന്നത്. പഠിക്കാന്‍ മിടുക്കിയായ ദേവനന്ദ സ്കൂളിലും നാട്ടിലും എല്ലാവര്ക്കും പ്രിയപ്പെട്ടവളായിരുന്നു. ബാലസംഘത്തിന്റെ പ്രവര്‍ത്തകയുമായിരുന്നു.
കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ദേവനന്ദ ട്യൂഷന് ചേര്‍ന്നത്. ദേവനന്ദയുടെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും നാടിനെയും തളര്‍ത്തി. മരിച്ച ദേവനന്ദയ്ക്കൊപ്പം ഷവര്‍മ കഴിച്ച അര്‍ഷ (15) ജില്ലാ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും മറ്റ് 15 പേര് പ്രത്യേക വാര്‍ഡിലും ചികിത്സയിലാണ്.