കാസര്‍കോട്: ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് നടുക്കിയ സംഭവം. മംഗളൂരു സ്വദേശി അനക്സ്, നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഭക്ഷ്യ വിഷബാധയേറ്റ് 31 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ ഐഡിയല്‍ കൂള്‍ ബാര്‍ ഉടമയും ഷവര്‍മ മേക്കറുമാണ് അറസ്റ്റിലായത്.
മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് ചന്തേര പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഷവര്‍മയില്‍ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.