പത്തനംതിട്ട: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം പോലീസിന് പരാതി നല്‍കിയത്. മുന്‍പ് മര്‍ദനമേറ്റതിന്റെ പാടുകളുടെ ചിത്രമടക്കമാണ് ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കിയത്.
ഭര്‍ത്താവ് ജിജോയുടെ മാവേലിക്കരയിലെ വീട്ടിലാണ് ബിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുമ്പാണ് ബിന്‍സിക്ക് സര്‍ക്കാര്‍ ജോലി കിട്ടിയത്. ശ്വാസതടസമാണ് മരണകാരണമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞെങ്കിലും തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
also read: ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു, അമ്മയടക്കം നാലുപേര്‍ അറസ്റ്റില്‍
മൂന്നുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നരവയസുള്ള ഒരു കുട്ടിയുണ്ട്. മൂന്നുമാസം മുന്‍പാണ് വാട്ടര്‍ അതോറിറ്റിയില്‍ നിയമനം ലഭിച്ചത്. ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. മര്‍ദനം കാരണം മുന്‍പും ബിന്‍സി സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു.
ഭര്‍ത്താവിന്റെ നാട്ടിലെ പഞ്ചായത്തംഗവും പുരോഹിതനുമടക്കം എത്തി അനുനയിപ്പിച്ചാണ് ബിന്‍സിയെ ജിജോയുടെ വീട്ടിലാക്കിയത്. ജോലികിട്ടിയ ശേഷം ആത്മവിശ്വാസത്തിലായിരുന്നു ബിന്‍സിയെന്നും ബന്ധുക്കള്‍ പറയുന്നു. ജനല്കമ്പിയിലെ ഷാളില്‍ തൂങ്ങിയ ബിന്‍സിയെ അഴിച്ച് താഴെക്കിടത്തിയെന്നും സംഭവം പുറത്താകാതിരിക്കാന്‍ ഷാള്‍ അമ്മ കഴുകിയിട്ടെന്നും ജിജോ പിന്നീട് സമ്മതിച്ചു. തൂങ്ങിമരണമാണെന്നും ആത്മഹത്യാ പ്രേരണയുണ്ടോ എന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.