തിരുവനന്തപുരം: വാടക വീട് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവതി. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം. പരിക്കേറ്റതിന് പിന്നാലെ പ്രകോപിതനായ യുവാവ് തിരിച്ചെത്തി യുവതിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു.
സംഭവത്തില്‍ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം ഹൗസ് നമ്പര്‍ 18ല്‍ ജയന്(40), കമലേശ്വരം വലിയവീട് ലൈനില്‍ ഹൗസ് നമ്പര്‍ 30ല്‍ രമ്യ(37) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
also read: ഒന്‍പതു വയസ്സുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി 49കാരന്, എട്ടുവര്‍ഷം കഠിനതടവ് ശിക്ഷ
കമലേശ്വരത്തെ വലിയവീടിന് സമീപത്താണ് യുവതിക്ക് വാടകയ്ക്കു വീടെടുത്ത് നല്‍കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും മാറാത്തത്തിനെ തുടര്‍ന്ന് വീട്ടുടമ ബ്രോക്കറായ ജയനെ വിളിച്ച് കാര്യമറിയിച്ചു. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ ജയനുമായി യുവതി വഴക്കുണ്ടാക്കുകയായിരുന്നു.
തര്‍ക്കത്തിനൊടുവില്‍ വെട്ടുകത്തികൊണ്ട് ആക്രമിച്ചു. യുവാവിനെ തലയ്ക്കും കൈയ്ക്കും വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് തിരിച്ചെത്തി യുവതിയുടെ തലയ്ക്കും ചുണ്ടിനും കൈയ്ക്കും വെട്ടുകയായിരുന്നു. പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.