തൃശ്ശൂര്‍: തൃശ്ശൂരില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റില്‍. ചേര്‍പ്പ് മുത്തുള്ളിയാലില്‍ കൊല്ലപ്പെട്ട ബാബുവിന്റെയും പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാംപ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മ പത്മാവതിയെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ബാബുവിനെ കുഴിച്ചുമൂടാന്‍ സഹായിച്ച സാബുവിന്റെ സുഹൃത്ത് സുനിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ അമ്മ രണ്ടാം പ്രതിയും സുനില്‍ മൂന്നാം പ്രതിയുമാണ്. കഴിഞ്ഞ മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരന് സാബുവിന്റെ മൊഴി.