തൊടുപുഴ: തൊടുപുഴയില്‍ വീട്ടില്‍ ജോലിക്ക് എത്തിയ സ്ത്രീ കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചു. സംഭവത്തില്‍ മൂലമറ്റം സ്വദേശിനിക്ക് എതിരെ കേസെടുത്തത്. ഉടുമ്പന്നൂര്‍ സ്വദേശി ബിബിന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് സ്ത്രീ കുട്ടികളെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.
കുട്ടികളുടെ മാതാവ് വിദേശത്ത് ആണ്. തന്റെ രണ്ട് കുട്ടികളെ പരിചരിക്കുവാനാണ് ഉടുമ്പന്നൂര്‍ സ്വദേശിയായ ബിബിന്‍ വീട്ടില്‍ സ്ത്രീയെ ജോലിക്ക് നിയോഗിച്ചത്. തൊടുപുഴയിലുള്ള ഏജന്റ് വഴിയാണ് ബിബിന്‍ വീട്ടില്‍ ജോലിക്കാരിയെ നിര്‍ത്തിയത്.
എന്നാല്‍ ജോലിക്കെത്തിയ മൂന്നാം ദിനം തന്നെ ഇവര്‍ കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടികളുടെ പിതാവായ ബിബിന്‍ മലയാറ്റൂര്‍ തീര്‍ഥാടനത്തിന് പോയിരുന്നു. ഈ സമയത്താണ് വീട്ടുജോലിക്കാരി കുട്ടികളെ കയ്യേറ്റം ചെയ്തത്.
വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ജോലിക്ക് എത്തിയ സ്ത്രീ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീടിനുള്ളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെ പിതാവിന്റെ ശ്രദ്ധയില്‍ പെട്ടു. സംഭവത്തെ കുറിച്ച് വീട്ടുജോലിക്കാരിയോട് തിരക്കിയപ്പോള്‍ ഇവര്‍ ദേഷ്യപ്പെട്ട് ഇറങ്ങിപോയതായും ബിബിന്‍ പറയുന്നു.
കുട്ടിയെ എടുത്തെറിയുന്ന ദൃശ്യങ്ങള്‍ സഹിതം ബിബിന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് മൂലമറ്റം സ്വദേശിനിക്കെതിരേ പോലീസ് കേസെടുത്തു.