കണ്ണൂര്‍: പല വാഹനാപകടങ്ങളുടെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു കുട്ടിയുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്.
അതിവേഗത്തിലെത്തി, ആദ്യം ബൈക്കില്‍ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു. തുടര്‍ന്ന് പിറകേ വന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു. എന്നാല്‍ കുട്ടി അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ റോഡിന്റെ മറുവശത്തേക്ക് തെന്നിനീങ്ങുന്നതും വീഡിയോയില്‍ കാണാം.
ആരുടെയും ശ്വാസംനിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. വീഡിയോ സോഷ്യല്‍മീഡിയയുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.