തൃശൂര്‍: ബസ്സിടിച്ച് കോളേജ് വിദ്യാര്ത്ഥിനിമരിച്ചതിന് പിന്നാലെ ബസ് സ്റ്റാന്റ് ഉപരോധിച്ച് സഹപാഠികള്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാന്റാണ് ഉപരോധിച്ചത്. ജീവന് കളയുന്ന മത്സരയോട്ടം വേണ്ടെന്നും റോഡില്‍ പൊലിയാനുള്ളതല്ല ജീവനെന്നും വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി.
കോളജിലെ അവസാനവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ലയ ഡേവിഡാണ് അപകടത്തില്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ – തൃശൂര്‍ റോഡില്‍ സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് വിദ്യാര്‍ത്ഥിനി ബസ് ഇടിച്ച് മരിച്ചത്. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം.
സ്റ്റാന്റിന്റെ പ്രധാന കവാടം തടഞ്ഞായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. ബസുകളുടെ മത്സരയോട്ടം കാരണമാണ് ജീവന് പൊലിഞ്ഞതെന്നും ഇനി ഒരു ജീവന് പോലും നിരത്തില്‍ ഇല്ലാതാകരുതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ കയറി വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണം നടത്തി.
കോളജിലെ യാത്രയയപ്പു പരിപാടിയില്‍ പങ്കെടുക്കാന്‍ അച്ഛനൊപ്പം സ്കൂട്ടറില്‍ വരികയായിരുന്നു ലയ. കരുവന്നൂര്‍ ചെറിയ പാലത്തിനു സമീപത്ത് വച്ച് സ്കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.