ഫറോക്ക്: മുഹമ്മദ് ബഷീറിന്റെ വളര്‍ത്തുപശു മീനാക്ഷി ഗിന്നസ് ബുക്കിലേക്ക്. ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു എന്ന പേരുമായാണ് മീനാക്ഷി ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ കാത്തിരിക്കുന്നത്. മൂന്നു വയസുകാരി മീനാക്ഷിയുടെ ഉയരം 76 സെന്റീമിറ്റര്‍ മാത്രമാണ്.
മലപ്പുറത്തെ ക്ഷീര കര്‍ഷകനാണ് ഫറോക്ക് കരുവന്തിരുത്തി സഹീദ മന്‍സിലില്‍ കെ എം മുഹമ്മദ് ബഷീര്‍. ഫെബ്രുവരി 22നായിരുന്നു മീനാക്ഷിയുടെ പ്രസവം. നിലവില്‍ ഈ വിഭാഗത്തില്‍ 90 സെന്റിമീറ്റര്‍ ഉയരമുള്ള വെച്ചൂര്‍ പശുവിനാണ് ഗിന്നസ് റെക്കാഡ്.
also read: ആറ് മാസം മുന്‍പ് വിവാഹം, 20കാരി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍
ആന്ധ്രയിലെ പുങ്കാനൂര്‍ ഇനമാണ് മീനാക്ഷി. അര ലിറ്റര്‍ പാല് മാത്രമാണ് ഒരു ദിവസം കിട്ടുന്നത്. വാങ്ങുമ്പോള്‍ തന്നെ മീനാക്ഷി ഗര്‍ഭിണിയായിരുന്നു എന്ന് മുഹമ്മദ് പറയുന്നു. ഗിന്നസ് റെക്കാഡിന്റെ കാര്യത്തില്‍ മൂന്ന് മാസത്തിനകം വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മീനാക്ഷി യൂണിവേഴ്സല്‍ റെക്കാഡിന് അര്‍ഹയായിട്ടുണ്ട്. ഇന്ന് വൈകിട്ട് സഹീദ മന്‍സിലില്‍ ഒരുക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം സമര്‍പ്പിക്കും.