അലനല്ലൂര്‍: പാലക്കാട് അധ്യാപകനെ ആക്രമിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അറസ്റ്റില്‍. അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീനെ (20)യാണ് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അധ്യാപകന് അടിച്ചതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് അബ്ദുല്‍ മനാഫിനെ (46)യാണ് നിസാമുദ്ദീന്‍ ആക്രമിച്ചത്. ബുധനാഴ്ചരാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അധ്യാപകന് അടിച്ചതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകല്‍ സി.ഐ. സിജോ വര്‍ഗീസ് അറിയിച്ചു.
പ്രതിയെ വെള്ളിയാഴ്ച മഞ്ചേരിയില്‍നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന അധ്യാപകനെ പിന്നില്‍ നിന്നെത്തിയ യുവാവ് കൈയില്‍ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് തലയ്ക്ക് അടിക്കയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു