ഇടുക്കി: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. ഇടുക്കിയിലാണ് സംഭവം. വാഴത്തോപ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പ്ലസ്വണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇടുക്കി നാരകക്കാനം സ്വദേശി സാബുവിന്റെ മകന് അമല്‍ സാബുവിനെയാണ് നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് റാഗിങ് നടന്നത്.
സ്കൂള്‍ മുറ്റത്തു നിന്നിരുന്ന അമല്‍ സാബുവി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഇടപെട്ട് പിടിഎ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തി. മര്‍ദിച്ചവര്‍ക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പു നല്കി. സ്കൂളില്‍ നിന്ന് തിരികെ വീട്ടിലെത്തിയ അമലിന് വൈകുന്നേരത്തോടെ വയറു വേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി.
ഇതിനേ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിവയറ്റിലും മറ്റും ചവിട്ടേറ്റതിനാല്‍ അമലിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ അമലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.