ചാരുംമൂട്: ബൈക്കിനുള്ളില്‍ ഒളിച്ച മൂര്‍ഖനെ കൈയ്യോടെ പൊക്കി വാവ സുരേഷ്. മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. വാവാ സുരേഷിന് നാട്ടുകാര്‍ സ്വീകരണവും നല്കി.
ചാരുമൂട് ശാരദാസ് ടെക്സ്റ്റയില്‍സ് ഉടമ മുകേഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റും യമഹ ബൈക്കുമാണുണ്ടായിരുന്നത്. വൈകിട്ട് മൂന്നരയോടെ മകേഷിന്റെ മകന് അഖില്‍ ജിമ്മില്‍ പോകുവാനായി ബുളളറ്റിലേക്ക് കയറുമ്പോള്‍ തറയില്‍ കിടന്നിരുന്ന പാമ്പ് പത്തിവിടര്‍ത്തി കൊത്താനാഞ്ഞു.
ഇത് കണ്ട് പേടിച്ച് അഖില്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങിതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറ് മൂടിയിരുന്ന ബൈക്കിലേക്ക് കയറി. വീട്ടുകാരും, വിവരം അറിഞ്ഞെത്തിയ അയല്‍വാസികളും പാമ്പിന് കാവലായി. ഇതിനിടെ വാവ സുരേഷിനെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു.
പാമ്പ് കടിയേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായിരുന്നിട്ടും ഉടനെത്താമെന്ന് സുരേഷ് അറിയിച്ചു. വാവാ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാര്യം തടിച്ചുകൂടി. മൂന്നരയ്ക്ക് തുടങ്ങിയ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ഓടെയാണ് സുരേഷ് എത്തിയത്.
ബൈക്ക് മൂടിയിരുന്ന കവറ് നീക്കിയതോടെ ഹാന്റിലിനടിയില്‍ ചുറ്റി കിടന്ന പാമ്പിനെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സുരേഷ് പിടികൂടി. വീട്ടുകാര്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. പിടികൂടിയ പാമ്പ് രണ്ടു വയസ് മാത്രമുള്ള ചെറിയ മൂര്‍ഖനാണെന്ന് സുരേഷ് പറഞ്ഞു.