മൂന്നാര്‍: കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട് മരണം മുന്നില്‍ കണ്ട യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയും ഇന്‍സ്റ്റന്റ് റ്റീ ഫാക്ടറി ജീവനക്കാരനുമായ സന്തോഷ് ആന്റണിയാണ് വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് സന്തോഷ് ആനയുടെ മുന്നില്‍ നിന്ന് രക്ഷപെട്ടത്. ബുധനാഴ്ച രാവിലെ 6.45 ഓടെയായിരുന്നു സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു സന്തോഷ്. ബൈക്കില്‍ യാത്ര ചെയ്ത് വരുന്നതിനിടെ വീട്ടിലേക്കു പ്രവേശിക്കുന്ന പാതയുടെ ഒരു വശത്തുണ്ടായിരുന്ന ഷെഡിനു സമീപം നിന്നിരുന്ന ആന പെട്ടെന്ന ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
also read: സ്വകാര്യ ലോഡ്ജ് മുറിയില്‍ സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ച നിലയില്‍
ആനയുടെ മുമ്പില്‍പെട്ട യുവാവ് പെട്ടെന്ന് വണ്ടി വെട്ടിച്ചൊഴിഞ്ഞ് പോയെങ്കിലും ആന കുറച്ചു ദൂരം പിന്തുടര്ന്നു. ദേഹത്തു മുഴുവന്‍ മണ്ണ് വാരിയിട്ട നിലയിലായിരുന്നു ആന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസമേഖലകളിലെ വീടുകള്‍ക്കു സമീപം കാട്ടായെത്തുന്നത് പതിവായിരിക്കുകയാണ്.
ഇന്‍സ്റ്റന്റ് റ്റീ ഡിവിഷന് ഫാക്ടറിയിലെ ജോലികള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ളതായത് കാരണം രാത്രി ഡ്യൂട്ടിക്കായി വീട്ടിലേക്കും ഫാക്ടറിയിലേക്കും ജീവനക്കാര്‍ ഈ വഴി യാത്ര ചെയ്യുന്നത് പതിവാണ്. ഈ മേഖലയില്‍ ആവശ്യമായ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല.
വെളിച്ചമില്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ കാട്ടാന മറഞ്ഞു നിന്നാല്‍ കാണില്ല. ആന അടുത്തെത്തിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ. എന്തെങ്കിലും നടപടി ഉടന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് നാട്ടുകാര്‍.