തിരുവനന്തപുരം: മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ദമ്പതികളെ ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ ആര്.എസ് ഭവനില്‍ ആര്.രവി (72), ഭാര്യ കെ. ലീല (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാണാനില്ലെന്ന് മകന് പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഈ മാസം 20 മുതല്‍ ഇരുവരെയും കാണാതായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 3.00 നാണ് തിരുച്ചിറപ്പള്ളി-കൊല്ലം ഇന്റര്‍സിറ്റി ട്രെയിനില്‍ നിന്ന് കൊറ്റാമത്തിന് സമീപം വീണ നിലയില്‍ കണ്ടെത്തിയത്.
വീഴ്ചയില്‍ ലീലയുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. രവിയുടെ കാല് ഒടിഞ്ഞ നിലയില്‍ ആണ്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ബോഗിയുടെ വാതിലിനു സമീപം നില്ക്കവേ ലീല തല കറങ്ങി പുറത്തേക്ക് വീണു.
also read: ‘പെണ്തേരോട്ടം’; കേരളത്തിലെ 14 ജില്ലകളില്‍ 10 ജില്ലകളും ഭരിക്കുന്നത് വനിത കലക്ടര്‍മാര്‍
ഇതു കണ്ട് ഒപ്പം ചാടി എന്നാണ് ഭര്‍ത്താവ് പാറശാല റെയില്‍വേ പൊലീസിനു നല്കിയ വിശദീകരണം. തമിഴ്നാട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇവര്‍ നാല് ദിവസം മുന്‍പാണ് പുലിപ്പാറയില്‍ താമസിക്കുന്ന മകന്റെ വീട്ടില്‍ എത്തിയത്. 20ന് വൈകിട്ട് സമീപത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി.
ഏറെ വൈകിയും കാണാതായതോടെ നടത്തിയ തിരച്ചിലില്‍ ഇരുവരും ഓട്ടോയില്‍ നെടുമങ്ങാട് എത്തിയതായി വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ ഒന്നും കൊണ്ടുപോയിരുന്നില്ല. ഇത് പോലീസുദ്യോഗസ്ഥരെ കുഴപ്പിച്ചിരുന്നു.