നെടുമങ്ങാട്: മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ദമ്പതികളെ കാണാനില്ല. തിരുവനന്തപുരത്താണ് സംഭവം. നെടുമങ്ങാട് പുലിപ്പാറ ആര്‍എസ് ഭവനില്‍ ആര് രവി (72), ഭാര്യ കെ ലീല (64) എന്നിവരെയാണ് കാണാതായത്. മകന്റെ വീട്ടില്‍ നിന്ന് മകളുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദമ്പതികള്‍ ഇറങ്ങിയത്.
സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഫെബ്രുവരി 20 വൈകിട്ട് മുതലാണ് ഇവരെ കാണാതായിരിക്കുന്നത്. നേരത്തെ തമിഴ്നാട്ടില്‍ വാടയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍. മൂന്ന് മാസം മുന്‍പാണ് പുലിപ്പാറയിലെ മകന്റെ വീട്ടിലേക്ക് എത്തിയത്.
20ന് വൈകിട്ട് സമീപത്ത് താമസിക്കുന്ന മകള്‍ എല്‍ രഞ്ജുവിന്റെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് ഇവര്‍ ഇറങ്ങിയത്. ഒരു ഓട്ടോയില്‍ കയറി നെടുമങ്ങാട് എത്തിയതായി കണ്ടവരുണ്ട്. എന്നാല്‍ നെടുമങ്ങാട് നിന്ന് ഇവര്‍ എങ്ങോട്ട് പോയതായി ഒരു വിവരവും ഇല്ല.
മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് പോയത്. അതിനാല്‍ പൊലീസ് അന്വേഷണവും ഫലം കാണുന്നില്ല. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഇവരുടെ സാധനങ്ങള്‍ ഒന്നും കൊണ്ടുപോയിട്ടില്ലെന്ന് മകന് പറഞ്ഞു. ബന്ധുക്കളുടെ വീട്ടിലും തമിഴ്നാട്ടിലും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിട്ടില്ല.