കോഴിക്കോട്: പതിനെട്ടുവയസ്സുകാരിയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് സംഭവം. ഇയ്യാട് നീറ്റോറചാലില് ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് ദിവസം മുമ്പായിരുന്നു ജിനു കൃഷ്ണനുമായി തേജലക്ഷ്മിയുടെ വിവാഹം.
കഴിഞ്ഞ ദിവസം രാവിലെയാണ് തേജ ലക്ഷ്മിയെ കിടപ്പുമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തേജയെ വിളിച്ചിട്ട് അനങ്ങുന്നില്ലെന്ന് ഭര്‍ത്താവ് വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാര്‍ ചെന്നു നോക്കിയപ്പോള്‍ യുവതി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.
ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. രാവിലെ 7ന് എണീറ്റപ്പോള്‍ ഭാര്യയെ തൂങ്ങിയ നിലയില്‍ കണ്ടെന്നും കുരുക്ക് അഴിച്ച് കട്ടിലില്‍ കിടത്തുകയായിരുന്നെന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ 9ന് ആയിരുന്നു ഇവരുടെ വിവാഹം.
9ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് യുവതിയെ കാണാതായപ്പോള്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹിതരായ തേജയും ജിനുവും സ്റ്റേഷനില്‍ ഹാജരായതോടെ ബന്ധുക്കള്‍ പരാതി പിന്‍വലിക്കുകയായിരുന്നു. കൊടുവള്ളി മാനിപുരം കാവില്‍ മുണ്ടേംപുറത്ത് പരേതനായ സുനില്‍ കുമാറിന്റെയും ജിഷിയുടെയും മകളാണ് തേജ ലക്ഷ്മി. സഹോദരങ്ങള്‍: അക്ഷയ, വിശാല്‍.
രണ്ടു മാസം മുന്‍പ് തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ ലാബ് കോഴ്സിനു ചേര്‍ന്നിരുന്നു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.