മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെന്നറിയില്ലെന്ന് മാല പാര്‍വതി. താന്‍ മരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു താരം. രണ്ട് പരസ്യങ്ങളുടെ ഓഡിഷനാണ് വ്യാജ വാര്‍ത്ത കാരണം തനിക്ക് നഷ്ടമായതെന്ന് മാല പാര്‍വതി പറയുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വ്യാജ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് മാല പാര്‍വതി രംഗത്ത് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യാജ മരണ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് മാല പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നത്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ തനിക്ക് വര്‍ക്കാണ് നഷ്ടപ്പെട്ടതെന്ന് മാല പാര്‍വതി പറഞ്ഞു.
‘മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോയെന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണ്. വാട്സപ്പില്‍ പിക് മാറിയതുകൊണ്ടാണ് കാസ്റ്റിംഗ് ഏജന്റ് തന്നെ ഇക്കാര്യം പറയുന്നത്. രണ്ട് പരസ്യങ്ങളുടെ ഓഡിഷന് ആണ് മിസ്സായി’ മാല പാര്‍വതി കുറിച്ചു.
‘എഫ്.ഐ.ആര്’ എന്ന തമിഴ് ചിത്രമാണ് മാല പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി നായകനായ ചിത്രം ‘ഭീഷ്മ പര്വ’മാണ് മാല പാര്‍വതിയുടെ പുതിയ റിലീസ്. ചിത്രത്തില്‍ സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.